വനംവകുപ്പ് ഇത്രയും നിസംഗമായ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല: സതീശൻ
Tuesday, December 17, 2024 3:42 PM IST
തിരുവനന്തപുരം: ആനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് സംസ്ഥാനത്ത് ഒരു നടപടിയുമില്ലെന്ന് സതീശൻ വിമർശിച്ചു.
ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാൻ സർക്കാർ തയാറായിട്ടില്ല. വനംവകുപ്പ് ഇത്രത്തോളം നിസംഗമായ ഒരു കാലഘട്ടം കേരളത്തിൽ ഉണ്ടായിട്ടില്ല.
വനാതിർത്തികളിലുള്ളവരുടെ ജീവിതം വഴിമുട്ടി നിൽക്കുന്ന അവസ്ഥയിലാണ്. താൻ മന്ത്രിയായതു കൊണ്ടാണോ ആന നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് ചോദിക്കുന്ന വനം മന്ത്രിയാണ് നമുക്കുള്ളത്.
ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഇല്ലാത്ത അവസ്ഥയാണ്.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം കേരളത്തിന്റെ വനാതിർത്തികളിൽ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. സമീപവർഷങ്ങളിൽ ആയിരത്തോളം പേരാണ് വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാപകമായി കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുന്നു.
പുതിയ വന നിയമഭേദഗതി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരമാണ് നൽകുന്നതെന്നും സതീശൻ വിമർശിച്ചു. ആദിവാസികളെയും വനത്തിന് പുറത്തുള്ള സാധാരണ കർഷകരെയും ഇത് ഗുരുതരമായി ബാധിക്കും. വനാതിർത്തികളിലുള്ള കർഷകരോടുള്ള വെല്ലുവിളിയാണ് ഈ നിയമ ഭേദഗതി.
വനസംരക്ഷണത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകും. എന്നാൽ 29 ശതമാനത്തിൽ അധികം വമേഖലയുള്ള സംസ്ഥാനത്ത് ജനവാസ പ്രദേശങ്ങൾ കൂടി വനമാക്കി മാറ്റാനുള്ള ശ്രമത്തെ പ്രതിപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.