ബോംബ് സ്ഫോടനം: റഷ്യൻ ലഫ്റ്റനന്റ് ജനറൽ കൊല്ലപ്പെട്ടു
Tuesday, December 17, 2024 2:43 PM IST
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. ന്യൂക്ലിയാർ, ബയോളജിക്കൽ, കെമിക്കൽ (എൻബിസി) ഡിഫൻസിന്റെ തലവനാണ് ഇഗോർ കിറില്ലോവ്.
സ്കൂട്ടർ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. സ്ഫോടനത്തിൽ മറ്റൊരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കെട്ടിടത്തിന്റെ മുൻവശത്തിനും സാരമായ കേടുപാടുകൾ പറ്റിയിട്ടുണ്ട്.
സ്ട്രീറ്റിലുള്ള നിരവധി കെട്ടിടങ്ങളുടെ ജനാലകളും തകർന്നു. വിഷയത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് റഷ്യൻ അന്വേഷണ വിഭാഗം അറിയിച്ചു.
ബോംബ് സ്ക്വാഡും സ്നിഫർ നായകളും പരിസര പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെന്നും മറ്റ് സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്നും അധികൃതർ അറിയിച്ചു. 2017ലാണ് ഇഗോർ കിറില്ലോവിനെ എൻബിസിയുടെ തലവനായി നിയമിച്ചത്.