ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം; യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു
Tuesday, December 17, 2024 1:24 PM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ മര്‍ദിച്ച സംഭവത്തില്‍ യൂണിവേഴ്സിറ്റി കോളജ് എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. കഴിഞ്ഞ ദിവസം സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യൂണിറ്റ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
കേസില്‍ പ്രതികളായ അമല്‍, മിഥുന്, അലന് വിധു എന്നിവരുടെ അറസ്റ്റ് ആണ് കോടതി തടഞ്ഞത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വർഷ ബിരുദവിദ്യാർഥി മുഹമ്മദ് അനസിനാണ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്.
മുഹമ്മദ് അനസും എസ്എഫ്ഐ പ്രവർത്തകനാണ്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ മർദിച്ചുവെന്നുമാണ് മുഹമ്മദ് അനസിന്റെ പരാതി.