ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പേര് പിടിയില്‍
Tuesday, December 17, 2024 11:55 AM IST
വയനാട്: മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ രണ്ട് പേർ കസ്റ്റഡിയിൽ. പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് ഹര്‍ഷിദ്, അഭിരാം എന്നിവരാണ് പിടിയിലായത്.
കേസിലെ മറ്റ് രണ്ട് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്. പനമരം സ്വദേശികളായ വിഷ്ണു, നബീല്‍ എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി മാനന്തവാടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ അറിയിച്ചു.
ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട കുടല്‍കടവ് സ്വദേശി മാതനോടാണ് കാറില്‍ സഞ്ചരിച്ചിരുന്നവര്‍ ക്രൂരത കാട്ടിയത്. കാറിന്റെ ഡോറിനോട് കൈ ചേര്‍ത്ത് പിടിച്ച് അരക്കിലോമീറ്ററോളം ദൂരമാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.
അരയ്ക്കും കൈകാലുകള്‍ക്കും സാരമായി പരിക്കേറ്റ ഇയാൾ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.