കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; കോതമംഗലത്ത് ഇന്ന് ജനകീയ ഹർത്താൽ
Tuesday, December 17, 2024 6:38 AM IST
കൊച്ചി: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കോതമംഗലത്തും കുട്ടമ്പുഴയിലും ഇന്ന് ജനകീയ ഹർത്താൽ . തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് (40) ആണ് മരിച്ചത്.
കൂലിപ്പണിക്കാരനായ എൽദോസ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ വൻ പ്രതിഷേധവുമായി എത്തിയ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു. ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഏഴ് മണിക്കൂറോളം നീണ്ട പ്രതിഷേധം നാട്ടുകാർ അവസാനിപ്പിച്ചത്.
നാട്ടുകാരുടെ വിവിധ ആവശ്യങ്ങളിൽ കളക്ടർ ഉറപ്പ് നൽകി. അടിയന്തിര സഹായമായി പത്ത് ലക്ഷം രൂപ നൽകുമെന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.
ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികൾ ഇന്ന് മുതൽ തന്നെ ആരംഭിക്കും. സോളാര്‍ ഫെൻസിംഗിന്റെ ജോലികൾ 21ന് ആരംഭിക്കും. തൂക്ക് സോളാര്‍ വേലി സ്ഥാപിക്കും. ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ നാട്ടുകാര്‍ക്ക് ഉറപ്പുനൽകി.
മൃതദേഹം അപകടം നടന്ന സ്ഥലത്തുനിന്നും കോതമംഗലം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കോതമംഗലത്ത് ഇന്ന് മൂന്നിന് പ്രതിഷേധ റാലിയിൽ മാറ്റമുണ്ടാകില്ലെന്നും നാട്ടുകാര്‍ അറിയിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് എത്തി കളക്ടര്‍ക്കും എംഎൽഎക്കും നേരെ നാട്ടുകാര്‍ ശക്തമായ രോഷം പ്രകടിപ്പിച്ചിരുന്നു.