നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ തട്ടിക്കൊണ്ടുപോയ സംഘം നടൻ ശക്തി കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്
Monday, December 16, 2024 7:32 AM IST
ലക്നോ: നടൻ മുഷ്താഖ് മുഹമ്മദ് ഖാനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയി ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ സംഘം നടൻ ശക്തി കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോർട്ട്.
സംഭവത്തിൽ നാല് പേരെയാണ് ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും ബിജ്നോർ പോലീസ് അറിയിച്ചു.
ബിജ്നോർ സ്വദേശിയായ റിക്കി എന്ന സർത്തക് ചൗധരി, സാഹിബാബാദ് സ്വദേശികളായ സാബിയുദ്ദീൻ എന്ന സെബി, അസിം അഹമ്മദ്, ശശാങ്ക് കുമാർ എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഇവരിൽ സർത്തക് ചൗധരി മുനിസിപ്പാലിറ്റിയുടെ മുൻ കൗൺസിലർ കൂടിയാണ്. പ്രതികളിൽ നിന്ന് 1.04 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തു. മറ്റ് ആറ് പ്രതികളായ ലവി, ആകാശ്, ശിവ, അർജുൻ, അങ്കിത്, ശുഭം എന്നിവർക്കായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ട്.
ഉത്തർപ്രദേശിലെ മീററ്റിൽ പരിപാടിയിൽ പങ്കെടുക്കുന്നതിന് ക്ഷണിച്ചാണ് സംഘം മുഷ്താഖിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി തയാറാക്കിയത്. സംഘത്തലവൻ ലവി എന്ന രാഹുൽ സൈനി ഒക്ടോബർ 15ന് മുൻകൂറായി 25,000 രൂപയും വിമാന ടിക്കറ്റും നൽകി.
നവംബർ 20ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മുഷ്താഖിനെ ഒരു കാബ് ഡ്രൈവർ മീററ്റിനും ഡൽഹിക്കും ഇടയിലുള്ള ശികഞ്ജി ഷോപ്പിൽ എത്തിച്ചു. അവിടെവച്ച് സംഘത്തിലെ മറ്റുള്ളവർ വേറൊരു വാഹനത്തിൽ ബലമായി കയറ്റുകയായിരുന്നു.
തുടർന്ന് രാഹുൽ സൈനിയുടെ വീട്ടിലെത്തിച്ച് തടവിലാക്കി. രാത്രി സംഘത്തിലുള്ളവർ മദ്യപിച്ച് ഉറങ്ങുന്നതിനിടെ മുഷ്താഖ് രക്ഷപ്പെടുകയായിരുന്നു. ഇതിനകം സംഘം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്വേഡും സ്വന്തമാക്കിയിരുന്നു. പിറ്റേദിവസം സംഘം മുഷ്താഖിന്റെ അക്കൗണ്ടിനിന്ന് 2.2 ലക്ഷം രൂപ പിൻവലിച്ചു. ഇവരിൽനിന്ന് 1.04 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.