യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാർഥിയെ മര്‍ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്നും പുറത്താക്കി
Monday, December 16, 2024 12:14 AM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ രണ്ടാം വര്‍ഷ വിദ്യാർഥിയായ ലക്ഷദ്വീപ് സ്വദേശിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റല്‍ മുറിയിലിട്ട് മര്‍ദിച്ച സംഭവത്തില്‍ നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി.
നാല് പേരെ സംഘടനയില്‍ നിന്ന് പുറത്താക്കി. ആദില്‍, ആകാശ്, അമീഷ്, കൃപേഷ് എന്നിവരെയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനായ വിദ്യാർഥിയെ സഹായിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദിച്ചത്. സംഭവത്തില്‍ മ്യുസിയും പോലീസ് അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിരുന്നു.
കോളജില്‍ എസ്എഫ്ഐക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിച്ചായിരുന്നു മര്‍ദിച്ചതെന്ന് വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
മുഖത്തും ചെവിക്കും പരിക്കേറ്റ വിദ്യാർഥി ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ സുഹൃത്താണ് പരാതിക്കാരന്.