രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടന; ബിജെപിയെ കടന്നാക്രമിച്ച് പാർലമെന്റിൽ പ്രിയങ്കയുടെ കന്നിപ്രസംഗം
Friday, December 13, 2024 3:08 PM IST
ന്യൂഡൽഹി: ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ഭരണടഘടനയിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്റിലെ ആദ്യ പ്രസംഗം തുടങ്ങിയത്.
പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് തുടങ്ങിയ പ്രിയങ്ക, അദാനി, കർഷക, മണിപ്പുർ, സംബാൽ വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
ഒരുവേളയിൽ പ്രസംഗത്തിൽ ഇടപെട്ട സ്പീക്കർ ചർച്ച ഭരണഘടനയിന്മേലാണെന്ന് ഓർമിപ്പിച്ചു. രാജ്യത്തിന്റെ ശബ്ദമാണ് ഭരണഘടനയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നമ്മുടെ ജനതക്ക് തുല്യതയും ശബ്ദം ഉയർത്താനുള്ള അവകാശവും ഭരണഘടന നൽകുന്നു. എന്നാൽ പലയിടങ്ങളിലും ദുർബല ശബ്ദങ്ങളെ അടിച്ചമർത്തുന്നുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഈ സർക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയുടെ ശക്തി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ സർക്കാർ തിരിച്ചറിഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കാൻ എന്തൊക്കെ തന്ത്രങ്ങൾ ബിജെപി പ്രയോഗിച്ചു. ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്നും പ്രിയങ്ക ചോദിച്ചു.
ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും അവർ കുറ്റപ്പെടുത്തി. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമത്തെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ ആവർത്തിച്ചു.