തോട്ടട ഐടിഐയിലെ സംഘർഷം: വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി.ഡി.സതീശൻ
Wednesday, December 11, 2024 5:22 PM IST
കണ്ണൂര്: തോട്ടട ഐടിഐയിൽ വിദ്യാർഥികളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്എഫ്ഐക്കാർ അല്ലാത്ത എല്ലാവർക്കും മർദനമേറ്റുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നുവെന്ന് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പോലീസ് ലാത്തിചാർജ് നടത്തിയത് ഇരകൾക്ക് നേരെയെന്നും സതീശൻ പറഞ്ഞു. പോലീസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ നിർദേശം അനുസരിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
കണ്ണൂർ ഐടിഐയും പോളിടെക്നിക്കും ആയുധപുരയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇന്ന് രാവിലെയാണ് തോട്ടട ഐടിഐയിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷമുണ്ടായത്.
കെഎസ്യു പ്രവർത്തകർ കാന്പസിനുള്ളിൽ കൊടി കെട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഏറ്റുമുട്ടലിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി.
34 വർഷങ്ങൾക്കുശേഷമാണ് തോട്ടട ഐടിഐയിൽ കെഎസ്യു യൂണിറ്റ് രൂപികരിക്കുകയും കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. മൂന്ന് ദിവസങ്ങൾക്ക് മുന്പാണ് ഇവിടെ കൊടിമരം സ്ഥാപിച്ചത്. ഇത് എസ്എഫ്ഐക്കാർ പിഴുതുമാറ്റിയെന്നാണ് കെഎസ്യുവിന്റെ ആരോപണം.