ആർബിഐയെ നയിക്കാൻ സഞ്ജയ് മൽഹോത്ര; ഗവർണായി ഇന്ന് സ്ഥാനമേൽക്കും
Wednesday, December 11, 2024 9:12 AM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര ഇന്നു സ്ഥാനമേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ഗവർണർ ശക്തികാന്ത ദാസ് ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലെ ഇടിവ്, പണപ്പെരുപ്പ നിയന്ത്രണം, സാന്പത്തിക വളർച്ചയുടെ മാന്ദ്യം തുടങ്ങിയ വെല്ലുവിളികളെ രാജ്യം നേരിടുന്ന ഘട്ടത്തിലാണ് റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ നിയമനം.
1968 ഫെബ്രുവരി 14ന് ബിക്കനേറിലാണ് സഞ്ജയ് മൽഹോത്ര ജനിച്ചത്.1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫീസറാണ് മൽഹോത്ര. 26-ാമത് ആർബിഐ ഗവർണറാകുന്ന മൽഹോത്ര കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം നേടി. യുഎസിലെ പ്രിൻസ്റ്റണ്‍ യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വർഷത്തെ തന്റെ കരിയറിൽ, വൈദ്യുതി, ധനകാര്യം, നികുതി, ഇൻഫർമേഷൻ ടെക്നോളജി, ഖനികൾ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2022 ഒക്ടോബർ മുതൽ ധനമന്ത്രാലയത്തിൽ റവന്യു സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. മുൻപ് ധനകാര്യ മന്ത്രാലയത്തിന് കീഴിൽ തന്നെയുള്ള ഫിനാൻഷൽ സർവീസസ് വകുപ്പിൽ സെക്രട്ടറി പദവി വഹിച്ചിരുന്നു.