ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു; കൗമാരക്കാരൻ പിടിയിൽ
Tuesday, December 10, 2024 10:38 PM IST
തിരുവല്ല: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായ പതിനേഴുകാരിയെ പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ. കവിയൂർ മത്തിമല കോളനിക്ക് സമീപം മത്തിമല നിരവുകാലായിൽ വീട്ടിൽ എം.എസ്. അഭിഷേക് (18) ആണ് പിടിയിലായത്. തിരുവല്ല പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നവംബർ രണ്ട് മുതൽ 21 വരെയുള്ള കാലയളവിലായിരുന്നു ലൈംഗിക പീഡനം നടന്നത്. കൊല്ലം പുനലൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കൗമാരക്കാരൻ നിരന്തരം ബന്ധപ്പെട്ട് പ്രലോഭിപ്പിച്ച് ഇയാളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
രണ്ടാം തീയതി വീട്ടിൽ വിളിച്ചു വരുത്തുകയും മൂന്നാം തീയതിയും പിന്നീട് 20 ന് വിളിച്ചുവരുത്തി പിറ്റേന്ന് രാവിലെയും പീഡിപ്പിച്ചു.
കൊല്ലം ശിശുക്ഷേമസമിതിയിൽ നിന്നും ലഭിച്ച വിവരത്തെതുടർന്ന് തിരുവല്ല സ്റ്റേഷൻ എസ്സിപിഓ കെ. ജയ കുട്ടിയെ പാർപ്പിച്ച ചിൽഡ്രൻസ് ഹോമിലെത്തി മൊഴി രേഖപ്പെടുത്തി. തുടർന്ന് പോലീസ് ഇൻസ്പെക്ടർ ബി.കെ. സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതിയെ മത്തിമലയിലെ വീട്ടിൽ നിന്നും തിങ്കളാഴ്ച പുലർച്ചെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക നടപടികൾക്ക് ശേഷം രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ തിരുവല്ല ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിച്ചു.
തുടർനടപടികൾക്കൊടുവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എഎസ്ഐ ജയകുമാർ, എസ്സിപിഓ ജയ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.