29-ാമത് ഐഎഫ്എഫ്കെ ഡിസംബര്‍ 13 മുതല്‍ 20 വരെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Tuesday, December 10, 2024 7:37 PM IST
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് ഐഎഫ്എഫ്കെയ്ക്ക് ഡിസംബര്‍ 13 വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും.
ഹോങ്കോംഗില്‍നിന്നുള്ള സംവിധായിക ആന്‍ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും. പത്തുലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ് അവാര്‍ഡ്.
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്. അനില്‍, എംഎല്‍എ വി.കെ പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാര്‍ തുടങ്ങിയവർ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് പിന്നാലെ വിഖ്യാത ബ്രസീലിയന്‍ സംവിധായകന് വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ചിത്രം ഐ ആം സ്റ്റില്‍ ഹിയര്‍ പ്രദർശിപ്പിക്കും. ഡിസംബര്‍ 13 മുതല്‍ 20 വരെ 15 തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 177 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
അന്താരാഷ്ട്ര മല്സരവിഭാഗത്തില് 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ 63 സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര മേളകളില്‍ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല്‍ ഫേവറിറ്റ്സ് മറ്റൊരു ആകര്‍ഷണമായിരിക്കും.
13,000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 100ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. സംവിധായിക പായല്‍ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് ഡിസംബര്‍ 20ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിക്കും.
തീയറ്ററുകളില്‍ ആകെ സീറ്റിന്റെ 70 ശതമാനം റിസര്‍വേഷന്‍ ചെയ്തവര്‍ക്കും 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കുമായാണ് പ്രവേശനം അനുവദിക്കുന്നത്. മുതിര്‍ന്ന പൗരന്മാർക്ക് ക്യൂ നില്‍ക്കാതെ പ്രവേശനം അനുവദിക്കുന്നതാണ്. ഡെലിഗേറ്റുകള്‍ക്കായി കെഎസ്ആര്‍ടിസിയുടെ രണ്ട് ഇ-ബസുകള്‍ പ്രദര്‍ശനവേദികളെ ബന്ധിപ്പിച്ചുകൊണ്ട് പ്രത്യേക സൗജന്യ സര്‍വീസ് നടത്തും.
ഫ്രഞ്ച് ഛായാഗ്രാഹക ആനിയസ് ഗൊദാര്‍ദ് ആണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിന്റെ ജൂറി ചെയര്‍പേഴ്സണ്‍. ജോര്‍ജിയന്‍ സംവിധായിക നാനാ ജോജാദ്സി, ബൊളീവിയന്‍ സംവിധായകനും തിരക്കഥാകൃത്തുമായ മാര്‍ക്കോസ് ലോയ്സ, അര്‍മീനിയന്‍ സംവിധായകനും നടനുമായ മിഖായേല്‍ ഡോവ്ലാത്യന്‍, ആസാമീസ് സംവിധായകന് മോഞ്ചുള്‍ ബറുവ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.