മാടായി കോളജിലെ നിയമന വിവാദം; ആരോപണങ്ങൾ തള്ളി എം.കെ.രാഘവൻ
Tuesday, December 10, 2024 11:17 AM IST
ന്യൂഡൽഹി: മാടായി കോളജിലെ നിയമന വിവാദത്തിൽ പ്രതികരണവുമായി എം.കെ.രാഘവൻ എംപി. തനിക്കെതിരേ പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
നിയമന വ്യവസ്ഥയുടെ മുന്പിൽ രാഷ്ട്രീയ താൽപര്യം പാലിക്കാനാവില്ല. അനധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത് സർക്കാർ നിദേശപ്രകാരമാണ്.
താൻ ഇന്റർവ്യൂ ബോർഡിൽ ഇരുന്നില്ല. 29-ാം വയസിൽ താൻ മുൻകൈയെടുത്താണ് കോളജ് ആരംഭിക്കാനുള്ള ശ്രമം തുടങ്ങിയത്. ഏഴ് മാസം മുന്‍പാണ് താൻ ഒടുവിൽ കോളജ് ചെയർമാനായത്.
നാല് അനധ്യാപക തസ്തികകളിലേക്കാണ് കോളജിൽ നിയമനം നടത്തിയത്. സര്‍ക്കാരിന്റെ മാനദണ്ഡങ്ങളിലുള്ള യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടന്നത്.
രാഘവൻ ചെയർമാനായ മാടായി കോളജിൽ ഒഴിവുവന്ന അനധ്യാപക തസ്തികയിൽ ബന്ധുവായ സിപിഎം പ്രവർത്തകന് നിയമനം നൽകിയെന്നാണ് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. എംപിക്കുനേരേ ഇവർ പ്രതിഷേധം നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ കോളജിലെത്തിയ എം.കെ.രാഘവനെ തടഞ്ഞുനിര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.