മലപ്പുറത്തുനിന്ന് കാണാതായ 14 വയസുകാരി വിവാഹിത; അച്ഛനും ഭര്‍ത്താവും അറസ്റ്റില്‍
Tuesday, December 10, 2024 10:19 AM IST
മലപ്പുറം: കാളികാവില്‍നിന്ന് കാണാതായ ഇതരസംസ്ഥാനക്കാരിയായ 14 വയസുകാരി വിവാഹിതയെന്ന് പോലീസ്. കാളികാവ് പോലീസ് ഹൈദരബാദില്‍നിന്ന് കുട്ടിയെ കണ്ടെത്തി.
പെണ്‍കുട്ടിയെ ഒരാഴ്ച മുമ്പാണ് കാണാതായത്. പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.
ആസാം സ്വദേശിയായ പെണ്‍കുട്ടിയുടെ അച്ഛന് ആസാമില്‍നിന്നുള്ള യുവാവിന് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അച്ഛന് ഇയാൾക്ക് കൈപിടിച്ച് ഏല്‍പ്പിക്കുകയായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് നാടുവിട്ടതെന്ന് കുട്ടി പോലീസില്‍ മൊഴി നല്കി.
കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ശൈശവ വിവാഹ നിരോധന നിയമപ്രകാരം പെണ്‍കുട്ടിയുടെ പിതാവിനെതിരേ പോലീസ് കേസെടുത്തു. വിവാഹം ചെയ്തെന്ന് അവകാശപ്പെട്ട ആള്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.