കൂച്ച് ബെഹാര്‍ ട്രോഫി; കേരളത്തെ വീഴ്ത്തി ജാര്‍ഖണ്ഡ്
Monday, December 9, 2024 8:16 PM IST
മംഗലപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ കേരളത്തിന് തോൽവി. ആദ്യ ഇന്നിംഗ്സിൽ 153 റൺസിന്റെ ലീഡ് നേടിയ ശേഷമാണ് മത്സരം ജാർഖണ്ഡിന് അടിയറ വച്ചത്. 226 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 120 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയ ജാർഖണ്ഡിന്റെ ഇന്നിംഗ്സ് അധികം നീണ്ടില്ല. അമ്പത് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി. നാല് വിക്കറ്റ് വീഴ്ത്തിയ തോമസ് മാത്യുവും മൂന്ന് വിക്കറ്റ് വീഴ്ത്തിയ അഹ്മദ് ഇമ്രാനുമായിരുന്നു കേരളത്തിനായി തിളങ്ങിയത്.
226 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയർത്താനായില്ല. 24 റണ്‍സെടുത്ത ഓപ്പണര്‍ രോഹിതാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന് ഓം, നാല് വിക്കറ്റ് വീഴ്ത്തിയ തനീഷ് എന്നിവരുടെ പ്രകടനമാണ് കേരളത്തിനെ തകര്‍ത്തത്.