ജെ.സി.ഡാനിയേൽ പുരസ്കാരം ഷാജി എൻ. കരുണിന്
Monday, December 9, 2024 7:45 PM IST
തിരുവനന്തപുരം: 2023ലെ ജെ.സി.ഡാനിയേല്‍ പുരസ്കാരത്തിന് സംവിധായകന് ഷാജി എന്‍.കരുണിനെ തെരഞ്ഞെടുത്തതായി മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഷാജി എന്‍.കരുണിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 2022ലെ അവാര്‍ഡ് ജേതാവും സംവിധായകനുമായ ടി.വി. ചന്ദ്രന് ചെയര്‍മാനും ഗായിക കെ.എസ്. ചിത്ര, നടന് വിജയരാഘവന് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍ എന്ന് ജൂറി വിലയിരുത്തി. 40 ഓളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ അദ്ദേഹം ജി.അരവിന്ദന്റെ ക്യാമറാമാന് എന്ന നിലയില്‍ മലയാളത്തിലെ നവതരംഗ സിനിമയക്ക് സര്‍ഗാത്മകമായ ഊര്‍ജം പകര്‍ന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനാണ് നിലവിൽ ഷാജി.എൻ.കരുൺ. കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്, പോക്കുവെയില്‍, ചിദംബരം, ഒരിടത്ത് തുടങ്ങിയ അരവിന്ദന് ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വഹിച്ച അദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.