അവസാന അഞ്ചുവിക്കറ്റ് വീണത് 33 റൺസിനിടെ; ദക്ഷിണാഫ്രിക്കയ്ക്കെതിരേ ലങ്കയ്ക്ക് തോൽവി
Monday, December 9, 2024 3:35 PM IST
പോർട്ട് എലിസബത്ത്: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 109 റൺസിന്റെ മിന്നും ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 348 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 238 റൺസിന് പുറത്തായി.
ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അഞ്ചുവിക്കറ്റ് പിഴുത കേശവ് മഹാരാജാണ് ലങ്കയെ കറക്കിവീഴ്ത്തിയത്. കഗീസോ റബാഡ, ഡെയ്ൻ പാറ്റേഴ്സൺ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. അതേസമയം, രണ്ട് ഇന്നിംഗ്സിലുമായി ഏഴുവിക്കറ്റ് വീഴ്ത്തിയ പാറ്റേഴ്സണാണ് കളിയിലെ താരം.
ശ്രീലങ്കൻ നിരയിൽ 50 റൺസെടുത്ത ധനഞ്ജയ ഡിസിൽവയാണ് ടോപ് സ്കോറർ. കൂടാതെ,
കുശാൽ മെൻഡിസ് (46), കമിന്ദു മെൻഡിസ് (35), ആഞ്ചെലോ മാത്യൂസ് (32), ദിനേശ് ചന്ദിമൽ (29), പത്തും നിസങ്ക (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നേരത്തെ, അഞ്ചിന് 205 റൺസെന്ന നിലയിലാണ് ശ്രീലങ്ക അവസാന ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. എന്നാൽ, 33 റൺസിനിടെ ശേഷിക്കുന്ന അഞ്ചുവിക്കറ്റുകളും നഷ്ടമായതോടെയാണ് സന്ദർശകർ പരാജയം രുചിച്ചത്.