നോയിഡയിൽ ആദ്യ വിമാനം ഇറങ്ങി; രാജ്യത്ത് ഒരു വിമാനത്താവളം കൂടി
Monday, December 9, 2024 2:58 PM IST
നോയിഡ: നിര്‍മാണം പൂര്‍ത്തിയാകുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്.
വിമാനത്തെ വാട്ടര്‍ സല്യൂട്ട് നല്കി അധികൃതർ സ്വീകരിച്ചു. 2021 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നോയിഡ വിമാനത്താവളത്തിന് തറക്കല്ലിട്ടത്. ഉത്തര്‍ പ്രദേശിലെ ഗൗതം ബുദ്ധ നഗര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താളവളം 2025 ഏപ്രിലില്‍ നിർമാണം പൂർത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
1334 ഹെക്ടര്‍ സ്ഥലത്ത് നിര്‍മിക്കുന്ന വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 1.2 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 2030-ഓടെ ഇത് മൂന്ന് കോടിയായി ഉയരുമെന്നും പിന്നീട് ഇത് ഏഴ് കോടിയായി വര്‍ധിക്കുമെന്നുമാണ് വിലയിരുത്തൽ.