അവസാന ഓവറിൽ കലമുടച്ച് ചണ്ഡിഗഡ്; ബംഗാളിന് മൂന്നു റൺസിന്റെ മിന്നുംജയം, ക്വാർട്ടറിൽ
Monday, December 9, 2024 2:57 PM IST
ബംഗളൂരു: സയിദ് മുഷ്താഖ് അലി ട്വന്റി20 പ്രീ ക്വാര്ട്ടറില് ചണ്ഡിഗഡിനെതിരേ ബംഗാളിന് ആവേശകരമായ ജയം. ബംഗളൂരുവിൽ മൂന്നു റൺസിനായിരുന്നു ബംഗാളിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചണ്ഡിഗഡിന് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞതാണ് ചണ്ഡിഗഡിനു തിരിച്ചടിയായത്. നാലോവറിൽ 30 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ സയാൻ ഘോഷാണ് ബംഗാളിന്റെ വിജയം വേഗത്തിലാക്കിയത്.
32 റൺസെടുത്ത രാജ് ബാവയാണ് ചണ്ഡിഗഡിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ മനൻ വോറ (23), പർദീപ് യാദവ് (27), നിഖിൽ ശർമ (22) എന്നിവരുടെ ഇന്നിംഗ്സ് ഒഴിച്ചുനിർത്തിയാൽ മറ്റാർക്കും കാര്യമായ സംഭാവന നല്കാനായില്ല. ഒരു ഘട്ടത്തിൽ നാലുവിക്കറ്റ് ശേഷിക്കേ 18 പന്തിൽ 26 റൺസായിരുന്നു ചണ്ഡിഗഡിനു ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ തുടരെ വിക്കറ്റുകൾ നഷ്ടമായതോടെ അവസാന പന്തിൽ എട്ടു റൺസെന്ന നിലയിലായി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ബംഗാളിനും ബാറ്റിംഗ് തകർച്ചയെ നേരിടേണ്ടി വന്നിരുന്നു. നൂറു റൺസ് കൂട്ടിച്ചേർക്കുന്നതിനു മുമ്പേ ആറുവിക്കറ്റുകളാണ് നഷ്ടമായത്. 33 റൺസെടുത്ത കരൺ ലാലാണ് ടോപ് സ്കോറർ.
വാലറ്റത്ത് പ്രദീപ്ത പ്രമാണിക്കിന്റെയും മുഹമ്മദ് ഷമിയുടെയും ബാറ്റിംഗ് വെടിക്കെട്ടുകളാണ് ചണ്ഡിഗഡിനെ 150 കടത്തിയത്. പ്രദീപ്ത 24 പന്തിൽ മൂന്നു ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 30 റൺസെടുത്തപ്പോൾ 17 പന്തിൽ മൂന്നു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 32 റൺസുമായി ഷമി പുറത്താകാതെ നിന്നു.
ഇവർക്കു പുറമേ, വൃത്തിക് ചാറ്റർജി (28), ഹബീബ് ഗാന്ധി (10) എന്നിവരൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ചണ്ഡിഗഡിനു വേണ്ടി ജഗ്ജിത് സിംഗ് 21 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി.