മുനമ്പം: കെ.എം. ഷാജിയെ പിന്തുണച്ച് ഇ.ടി. മുഹമ്മദ് ബഷീർ
Monday, December 9, 2024 1:14 PM IST
മലപ്പുറം: വഖഫ് ഭൂമി വിഷയത്തിൽ കെ.എം. ഷാജിയെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ഇ.ടി പറഞ്ഞു.
മുനമ്പതിലേത് വഖഫ് ഭൂമി ആണോ അല്ലയോ എന്നതിൽ തർക്കം വേണ്ട. പ്രതിപക്ഷ നേതാവല്ല ആര് പറഞ്ഞാലും വഖഫ് ഭൂമിയല്ല എന്ന നിലപാട് ശരിയല്ല. ലീഗ് ഒരു ഘട്ടത്തിലും ഇത് വഖഫ് ഭൂമിയല്ലെന്ന് പറഞ്ഞിട്ടില്ല. ലീഗിന്റെ നിലപാട് ഒന്ന് തന്നെയാണ്. പ്രശ്നം സർക്കാർ ഇടപ്പെട്ട് പരിഹരിക്കണമെന്നും മുഹമ്മദ് ബഷീർ പറഞ്ഞു.
മുനമ്പം വിഷയത്തിൽ ലീഗ് നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുനമ്പം വഖഫ് ഭൂമിയല്ലെന്നും ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നാണ് ലീഗ് നിലപാട്.
മുനമ്പം വിഷയം വർഗീയ ധ്രുവീകരണത്തിലേക്ക് പോകുന്ന ഘട്ടത്തിലാണ് മുസ്ലിംലീഗ് സംഘടനകൾ യോഗം ചേർന്ന് നിലപാട് വ്യക്തമാക്കിയത്. അതിൽ മാറ്റമില്ലെന്നും നേതാക്കൾ പറഞ്ഞു.
മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന സതീശന്റെ പ്രസ്താവന മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി നേരത്തെ തള്ളിയിരുന്നു.