വയനാട് പാക്കേജ്: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണർ
Monday, December 9, 2024 12:43 PM IST
തിരുവനന്തപുരം: വയനാട് പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആവശ്യമായ രേഖകൾ സർക്കാർ നൽകിയില്ല. തുക ഇല്ലാത്തതിന്റെ പേരിൽ പുനരധിവാസം മുടങ്ങില്ലെന്നും ഗവർണർ പറഞ്ഞു.
അതേസമയം സംസ്ഥാന ദുരന്തപ്രതികരണ നിധിയിലെ 677 കോടി രൂപ കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 923.02 കോടി രൂപയുണ്ടായിട്ടും വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ പാളുകയാണ്. വയനാട് പുനരധിവാസത്തിനായി ജനങ്ങൾ നൽകിയതും സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ച് വഴി പിരിച്ചെടുത്തതുമായ 672.91 കോടി രൂപ നിലവിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ടെന്നാണ് കണക്ക്.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവർക്കായി 1200 ഓളം വീടുകൾ നിർമിച്ചു നൽകാമെന്നു വിവിധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ, വീടു നിർമിച്ചു നൽകാനായി ഇവർക്കു ഭൂമി കണ്ടെത്തി നൽകുന്നതിലോ അടിസ്ഥാനസൗകര്യമൊരുക്കുന്നതിലോ സർക്കാർ പരാജയപ്പെട്ടതായാണു വിമർശനം.
എസ്ഡിആർഎഫിന്റെ കണക്കുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം ഹൈക്കോടതി സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ജനങ്ങൾ സംഭാവന ചെയ്ത തുകയുടെ കണക്ക് ഹൈക്കോടതിയിൽ സർക്കാർ നൽകിയിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. വയനാട് ദുരന്ത നിവാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പ്രധാന വിമർശനം.