ധോണിയിൽ വീണ്ടും പുലിഭീതി; വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടിനെ ആക്രമിച്ചു
Monday, December 9, 2024 10:25 AM IST
പാലക്കാട്: ധോണിയിൽ വീണ്ടും പുലിയിറങ്ങി ആടിനെ ആക്രമിച്ചു. മേലെധോണിയിലെ സുധിയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് പുലി ആക്രമിച്ചത്. വീടിനോടു ചേർന്ന് കെട്ടിയിരുന്ന ആടിന്റെ കഴുത്തിലാണ് പുലി പരിക്കേല്പിച്ചത്.
ധോണിയിൽ ദിവസങ്ങളുടെ ഇടവേളയിൽ മൂന്നാമത്തെ തവണയാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്. ഞായറാഴ്ച മായപുരത്ത് പുലിയിറങ്ങി നായയെ ആക്രമിച്ചിരുന്നു. പ്രദേശത്തെ സോളമൻ അറയ്ക്കലിന്റെ വീട്ടുമുറ്റത്ത് കിടന്നിരുന്ന നായയെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം മായപുരത്ത് എം.എ. ജയശ്രീയുടെ വീട്ടിലെ കോഴികളെയും പുലി പിടിച്ചിരുന്നു.
പ്രദേശത്ത് അടുത്തകാലത്തായി വളർത്തുമൃഗങ്ങളെ കാണാതാവുന്നത് പതിവാണെന്നും പുലിയെ പിടികൂടാൻ പ്രദേശത്ത് കെണി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.