സിറിയയിൽ വിമതർ ഭരണം പിടിച്ചു; ജാഗ്രതാ നിർദേശവുമായി എംബസി
Monday, December 9, 2024 4:24 AM IST
ന്യൂഡൽഹി: സിറിയയിലുള്ള ഇന്ത്യാക്കാർക്ക് ജാഗ്രതാ നിർദേശവുമായി എംബസി. ഇന്ത്യൻ പൗരൻമാർ സുരക്ഷിതരാണെന്നും ഡമാസ്കസിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം തുടരുമെന്നും അധികൃതർ പറഞ്ഞു.
സിറിയയിൽ വിമതനീക്കം ശക്തമായപ്പോൾ തന്നെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഞായറാഴ്ചയാണ് രണ്ടു പതിറ്റാണ്ടായി ഭരിക്കുന്ന ബഷാർ അൽ അസദ് സർക്കാരിനെ വീഴ്ത്തിയ വിമതർ ഭരണം പിടിച്ചെടുത്തത്.
ഇന്ത്യക്കാർ എത്രയും വേഗം സിറിയ വിടണമെന്നും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. ലഭ്യമാകുന്ന വിമാനങ്ങളിൽ ഇന്ത്യക്കാർ എത്രയും വേഗം തിരികെയെത്തണം.
അതിന് കഴിയാത്തവർ ജാഗ്രത പുലർത്തണമെന്നും അടിയന്തര സാഹചര്യങ്ങളിൽ ഡമാസ്കസിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചു.
+963993385973 എന്ന നമ്പരിലും hoc.damascus@mea.gov.in എന്ന ഇ-മെയിലിലും എംബസിയുമായി ബന്ധപ്പെടാം.