സാമ്പത്തിക ബാധ്യത; മാതാപിതാക്കളെയും ഭാര്യയെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Monday, December 9, 2024 1:08 AM IST
കുരുക്ഷേത്ര: ഹരിയാനയിൽ ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയതിന് ശേഷം യുവാവ് ജീവനൊടുക്കി. ദുഷ്യന്ത് സിംഗ്(40) എന്നയാളാണ് ഭാര്യ അമൻദീപ് കൗർ, മാതാപിതാക്കളായ നൈബ് സിംഗ്, അമൃത് കൗർ എന്നിവരെ കൊലപ്പെടുത്തിയത്.
അബോധാവസ്ഥയിൽ കണ്ടെത്തിയ ദുഷ്യന്തിന്റെ മകൻ കേശവ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രാഥമിക അന്വേഷണത്തിൽ സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദുഷ്യന്ത് സിംഗ് ക്രൂരത ചെയ്തതെന്ന് പോലീസ് കണ്ടെത്തി.
ഭാര്യയെ വിഷം നൽകി കൊലപ്പെടുത്തിയ ഇയാൾ, പിതാവിനെ കഴുത്തറത്തും മാതാവിനെ ശ്വാസം മുട്ടിച്ചുമാണ് കൊന്നത്. മകനെയും ഇയാൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് വിഷം കഴിച്ചാണ് ദുഷ്യന്ത് സിംഗ് ജീവനൊടുക്കിയത്.
ഞായറാഴ്ച രാവിലെ നായിബ് സിംഗിന്റെ വീട്ടിൽ ഒരു ബന്ധു എത്തിയിരുന്നു. എന്നാൽ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പ്രതികരണമൊന്നും ലഭിക്കാതിരുന്നതിനാൽ അയാൾ വാതിൽ ചവിട്ടിത്തുറന്നു. തുടർന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അവശ നിലയിലായിരുന്ന കേശവിനെ ഉടൻതന്നെ ആശുപത്രിയിലുമെത്തിച്ചു.