സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടു: റഷ്യ
Sunday, December 8, 2024 6:06 PM IST
മോസ്കോ: സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദ് രാജ്യം വിട്ടുവെന്ന് റഷ്യ. സിറിയയിൽ അധികാരം വിമതർക്ക് കൈമാറാൻ നിർദേശം നൽകിയതിന് ശേഷമാണ് ബാഷർ അൽ-അസദ് സിറിയ വിട്ടതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
എന്നാൽ ബാഷർ അൽ-അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ വ്യക്തമാക്കിയില്ല. ബാഷർ രാജ്യം വിട്ടതിൽ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സിറിയയിലുള്ള റഷ്യയുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും റഷ്യ അറിയിച്ചു. നേരത്തെ സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി അധികാരം വിമതർക്ക് കൈമാറിയിരുന്നു.
അധികാരം കൈമാറിയതിനു പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താൻ രാജ്യംവിട്ടിട്ടില്ലെന്നും സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ എവിടേക്കും രക്ഷപെട്ടിട്ടില്ല. വീട്ടിൽ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വം എന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ നല്ലതിനു വേണ്ടി എല്ലാ സഹായങ്ങളും ചെയ്യാൻ താൻ തയാറാണ്. സർക്കാരിന്റെ സുഖമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.