സംസ്ഥാന കോണ്‍ഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ല: ശശി തരൂർ
Sunday, December 8, 2024 4:04 PM IST
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്ന് ശശി തരൂർ എംപി. ലോക്സഭ തെരഞ്ഞെടുപ്പിൽ കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടിയെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയെന്നും തരൂർ പറഞ്ഞു. കെ സുധാകരന്റെ നേതൃത്വത്തിൽ പാർട്ടി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. സുധാകരനെ മാറ്റേണ്ട കാര്യമില്ലെന്നും തരൂർ പ്രതികരിച്ചു.
കെപിസിസി പുനഃസംഘടന സംബന്ധിച്ച് ഔദ്യോഗിക ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന് തരൂർ പറഞ്ഞു. യുവാക്കളുടെയും സ്ത്രീകളുടെയും പ്രാതിനിധ്യം കൂട്ടണം എന്നാണ് ഉദയ്പൂർ പ്രഖ്യാപനം. പിന്നോക്ക വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് സീറ്റ് നൽകിയെങ്കിലും വിജയിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നു.
പക്ഷേ ഇവർക്ക് പ്രചാരണത്തിന് മൂന്നാഴ്ച മാത്രമാണ് കിട്ടിയത്. അതാണ് തിരിച്ചടിയായത്. യുവാക്കൾക്ക് അവസരം നൽകണം. നല്ല മാറ്റം വരുമെന്ന് തരൂർ പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജന തീരുമാനമെന്ന് വ്യക്തമല്ലെന്നും ശശി തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ അസന്തുഷ്ടരാണ്. രാഷ്ട്രീയ കാരണങ്ങൾ ഉണ്ടോ എന്ന് സംശയമുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വാർഡ് വിഭജനമെന്ന് വ്യക്തമാക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.