സതീശനെ തള്ളി.., മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്ന് കെ.എം. ഷാജി
Sunday, December 8, 2024 3:44 PM IST
മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നു കെ.എം. ഷാജി. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും ഷാജി പറഞ്ഞു.
വഖഫ് ചെയ്തതിന് രേഖകൾ ഉണ്ട്. പെരുവള്ളൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിലായിരുന്നു ഷാജിയുടെ പ്രസംഗം.
മുനമ്പത്തെ ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല പ്രതികളെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭൂമി അവർക്ക് വിറ്റത് ആരാണെന്നാണ് സർക്കാർ കണ്ടെത്തേണ്ടതാണ്. വഖഫ് ഭൂമി അല്ലെന്ന് പറയാൻ ഫാറൂഖ് കോളജിന് എന്താണ് അധികാരമെന്നും ഷാജി ചോദിച്ചു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് നേരത്തെ വി.ഡി. സതീശൻ അഭിപ്രായപ്പെട്ടിരുന്നു. മുനമ്പം വിഷയത്തിൽ കള്ളക്കളിയെന്നും പ്രശ്നം ഉടൻ പരിഹരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടിരുന്നു.