എഡിഎമ്മിന്റെ മരണം; അൻവറിന്റെ പ്രസ്താവന താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമം മാത്രം: എ. വിജയരാഘവൻ
Sunday, December 8, 2024 3:00 PM IST
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തുന്ന പ്രസ്താവനകൾ തലക്കെട്ടുകൾക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ. വിജയരാഘവൻ. നവീൻ ബാബുവിന്റെ മരണം നടന്നിട്ട് മാസങ്ങൾ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോൾ എന്തൊക്കെയോ പറയുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
അതിൽ ആത്മാർത്ഥതയില്ല. അൻവർ ഇപ്പോൾ പ്രയാസത്തിലാണ്. പല വാതിലുകൾ മുട്ടിയിട്ടും തുറക്കാത്തത്തിൽ താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ അൻവർ നടത്തുന്നത്. മാധ്യമങ്ങളിൽ തലക്കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണ് ഇതിന് പിന്നിൽ എന്നല്ലേ പറഞ്ഞുള്ളൂ. മുഖ്യമന്ത്രി ആണെന്ന് പറഞ്ഞില്ലല്ലോ എന്നും അദ്ദേഹം പരിഹസിച്ചു.
ഡിഎംകെ പ്രവേശനം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്ന അൻവറിന്റെ ആരോപണത്തിൽ അൻവറിന് അദ്ദേഹത്തിന്റെ നിലപാട് അറിയിക്കാം. തങ്ങൾക്ക് പറയാൻ ഉള്ളത് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.