ആന എഴുന്നള്ളിപ്പിൽ നിയന്ത്രണം; ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം
Saturday, December 7, 2024 10:53 PM IST
ത്യശൂർ: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങൾക്കെതിരെ പ്രതീകാത്മക പൂരം നടത്തി പ്രതിഷേധം. തൃശൂർ ആറാട്ടുപുഴ ക്ഷേത്രത്തിന് മുന്നിൽ ആണ് പ്രതിഷേധം.
ആന എഴുന്നള്ളിപ്പിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതോടെ ത്യശൂർപൂരത്തിനേക്കാൾ പഴമയുള്ള ആറാട്ടുപുഴ പൂരത്തിന്റെ ശോഭ കെട്ടുപോകുന്നതിൽ പ്രതിഷേധിച്ചാണ് പ്രതീകാത്മക പൂരം നടത്തുന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആനകളുടെ അലങ്കാരങ്ങൾ നിരത്തി പ്രതീകാത്മക എഴുന്നള്ളിപ്പ് നടത്തി.
പ്രതിഷേധ പൂരത്തിൽ പെരുവനം കുട്ടന്മാരാരുടെ നേത്യത്വത്തിൽ പഞ്ചാരിമേളവും നടത്തി. നിലവിലെ വ്യവസ്ഥകൾ പാലിച്ച് ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിഷേധത്തിന്റെ ഭാരവാഹികൾ പറഞ്ഞു.