മാത്യൂസിന്റെയും മെൻഡിസിന്റെയും രക്ഷാപ്രവർത്തനം: ദക്ഷിണാഫ്രിക്കയ്ക്കെതിരേ തിരിച്ചടിച്ച് ലങ്ക
Saturday, December 7, 2024 3:50 PM IST
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 358 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന ശ്രീലങ്ക മൂന്നാംദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ്. ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 40 റൺസ് മാത്രം പിന്നിലാണ് ലങ്ക.
18 റൺസുമായി പ്രബാത് ജയസൂര്യയും റണ്ണൊന്നുമെടുക്കാതെ വിശ്വ ഫെർണാണ്ടോയുമാണ് ക്രീസിൽ. ആഞ്ചെലോ മാത്യൂസ് (44), കാമിന്ദു മെന്‍ഡിസ് (48), ധനഞ്ജയ ഡിസിൽവ (14), സുശാൽ മെൻഡിസ് (16), ലഹിരു കുമാര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാംദിനം ശ്രീലങ്കയ്ക്ക് നഷ്ടമായത്.
ദക്ഷിണാഫ്രിക്കയ്ക്കായി ഡെയ്ൻ പാറ്റേഴ്സൺ 66 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. മാർക്കോ യാൻസൻ രണ്ടും കഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, റയാന് റിക്കൾട്ടന്റെയും കെയ്ല്‍ വെരെയ്നിന്റെയും സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലെത്തിയത്. റിക്കൾട്ടൺ 11 ഫോറുകള്‍ സഹിതം 101 റണ്‍സെടുത്തപ്പോൾ വെരെയ്ന്‍ 12 ഫോറുകളും മൂന്നു സിക്സുകളുമുൾപ്പെടെ 105 റണ്‍സുമായി പുറത്താകാതെ നിന്നു. ഇവർക്കു പിന്നാലെ ക്യാപ്റ്റന്‍ ടെംപ ബാവുമ (78), എയ്ഡൻ മാർക്രം (20), കഗീസോ റബാഡ (23) എന്നിവർക്കു മാത്രമേ രണ്ടക്കം കാണാനായുള്ളു.