വയനാട് പുനരധിവാസ പാക്കേജ് വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍: കെ. സുരേന്ദ്രന്
Saturday, December 7, 2024 2:43 PM IST
തിരുവനന്തപുരം: വയനാട് പുനരധിവാസ പാക്കേജ് വൈകാൻ കാരണം സംസ്ഥാന സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഹൈക്കോടതി സർക്കാരിനെ കണക്കറ്റ് വിമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരവ് ചെലവ് കണക്ക് പോലും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നില്ല. വയനാട്ടിൽ ഹർത്താൽ നടത്തിയ എൽഡിഎഫും യുഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ദുരിതാശ്വാസ നിധിയിൽ വന്ന പണം എന്തുകൊണ്ട് ചെലവഴിക്കുന്നില്ല. എന്തുകൊണ്ട് അന്തിമ മെമ്മോറാണ്ടം നൽകാൻ കാലതാമസമുണ്ടായി എന്നും സുരേന്ദ്രൻ ചോദിച്ചു.
എന്തായിരുന്നു മന്ത്രിസഭ ഉപസമിതി ഇത്രയും കാലം ചെയ്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഈ ചോദ്യത്തിന് വയനാട്ടിലെ ജനങ്ങളോട് മാത്രമല്ല കേരളത്തിലെ ജനങ്ങളോടും സർക്കാർ ഉത്തരം പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.