വയനാട് പുനരധിവാസം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി
Saturday, December 7, 2024 12:37 PM IST
കൊച്ചി: വയനാട് ദുരന്ത പുനരധിവാസവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിയുടെ ഓഡിറ്റിംഗ് പോലും കൃത്യമല്ലല്ലോയെന്ന് ഹൈക്കോടതി വിമർശനം ഉന്നയിച്ചു.
അതോറിറ്റിയുടെ കണക്കുകള്‍ ശരിയല്ലെന്നും ആരെയാണ് വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്നും കോടതി ചോദിച്ചു. കേന്ദ്രസഹായം തേടുമ്പോള്‍ കൃത്യമായ കണക്കുകള്‍ വേണം. വയനാട് ദുരന്തത്തില്‍ സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിമര്‍ശനം.
ചുരല്‍മല- മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ (എസ്ഡിആര്‍എഫ്) നിന്ന് എത്ര തുക ചെലവഴിക്കാനാകുമെന്ന് സംസ്ഥാനസര്‍ക്കാരും എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും ഇന്ന് വ്യക്തമായി അറിയിക്കണെന്ന് ഹൈക്കോടതി വെള്ളിയാഴ്ച നിർദേശിച്ചിരുന്നു. കണക്കുകളില്‍ വ്യക്തത വരുത്താന്‍ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അക്കൗണ്ട്സ് ഓഫീസറോട് ഇന്നു ഹാജരാകാനും നിര്‍ദേശിച്ചിരുന്നു.
എസ്ഡിആര്‍എഫ് ആക്കൗണ്ട്സ് ഓഫീസര്‍ ഇന്ന് ഹാജരായപ്പോഴാണ് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചത്. എസ്ഡിആര്എഫില് എത്രനീക്കിയിരിപ്പുണ്ടെന്ന് ചോദിച്ചപ്പോള്‍ 667 കോടി രൂപയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു.
അടിയന്തരഘട്ടം വന്നാൽ 677 കോടിയിലെ എത്ര തുക ചെലവഴിക്കാനാകുമെന്ന് എസ്ഡിആർഎഫിനോട് കോടതി ചോദിച്ചു. ഏകദേശം കണക്കു പോലും നൽകാനാകുന്നില്ലെങ്കിൽ, പണം ലഭിക്കുന്നില്ലെന്നു എങ്ങനെ പറയാനാകുമെന്നും കോടതി ചോദിച്ചു.പരസ്പരം കുറ്റപ്പെടുത്തുന്നത് തുടരുന്നത് ദുരന്തത്തില്‍പ്പെട്ടവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോടതി വിമര്‍ശിച്ചു.
എസ്ഡിആര്എഫില് കൃത്യമായ ഓഡിറ്റിംഗ് നടത്തുന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച കോടതി അവസാനം ഓഡിറ്റിംഗ് നടത്തിയ റിപ്പോര്‍ട്ട് കൈവശമുണ്ടോയെന്നും ചോദിച്ചു. അത് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഓഡിറ്റിംഗിൽ വ്യക്തവരുത്താന്‍ രണ്ടുദിവസത്തെ സാവാകാശം ചോദിച്ച സര്‍ക്കാരിനോട് അത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി മറുപടി നല്കി.
677 കോടിയിൽ ചെലവഴിക്കാൻ കഴിയുന്ന തുക സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ കൃത്യമായ കണക്കുകൾ നൽകണമെന്നും കോടതി എസ്ഡിആർഎഫിനെ താക്കീത് ചെയ്തു.