വീണ്ടും ട്വിസ്റ്റ്; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല
Saturday, December 7, 2024 11:26 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് സര്‍ക്കാര്‍ വെട്ടിയ ഭാഗം പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ലെന്ന് വിവരാവകാശ കമ്മീഷന്. ഈ ഭാഗങ്ങള്‍ പുറത്തുവിടുന്നതിന് എതിരേ പുതിയ പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം.
പരാതി പൂര്‍ണമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷന് അറിയിച്ചു. ഇന്ന് രാവിലെ 11ന് ഉത്തരവ് വരാനിരിക്കെയാണ് പുതിയ പരാതി ലഭിച്ചത്.
295 പേജുള്ള ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കി ബാക്കിയുള്ളവ പുറത്തുവിടാനാണ് ജൂലൈ അഞ്ചിന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടത്. വ്യക്തിഗത വിവരങ്ങളായ 33 ഖണ്ഡികകൾ കമ്മിഷൻ നേരിട്ട് ഒഴിവാക്കി.
കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ചതിന് പുറമേയുള്ള ചില പാരഗ്രാഫുകള്‍ സര്‍ക്കാര്‍ സ്വന്തം നിലയിൽ ഒഴിവാക്കിയിരുന്നു. 49 മുതൽ 53വരെയുള്ള പേജുകളായിരുന്നു സര്‍ക്കാര്‍ സ്വന്തം നിലയിൽ വെട്ടിയത്. ഇതിനെതിരേ മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലാണ് കമ്മീഷൻ ഇന്ന് വിധി പറയാനിരുന്നത്.