ആനയെഴുന്നള്ളിപ്പിൽ നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരും; മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ദേവസ്വങ്ങൾ
Friday, December 6, 2024 7:40 PM IST
തൃശൂർ: ആനയെഴുന്നള്ളിപ്പിൽ സർക്കാർ നിയമനിർമാണം നടത്തി നിയന്ത്രണങ്ങൾ ഇളവ് ചെയ്യണമെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. ഹൈക്കോടതി ഉത്തരവ് പ്രകാരം നിയന്ത്രണം നടപ്പാക്കിയാൽ തൃശൂർ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു.
ഈ ഘട്ടത്തിൽ സുപ്രീം കോടതിയെ അപ്പീൽ ഹർജിയുമായി സമീപിക്കില്ല. മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഈ മാസം എട്ടിന് ഇരുദേവസ്വങ്ങളിലെയും ക്ഷേത്ര പ്രതിനിധികളുടെ യോഗം ചേരുമെന്നും ദേവസ്വം സെക്രട്ടറിമാർ അറിയിച്ചു. വെടിക്കെട്ട്, ആന എഴുന്നള്ളിപ്പ് ബുദ്ധിമുട്ടുകൾ ചർച്ച ചെയ്യും.
ഉത്സവങ്ങൾ നടത്താൻ കഴിയുന്ന സാഹചര്യമല്ല ഇപ്പോഴുള്ളത്. പകൽ സമയത്ത് എഴുന്നള്ളിപ്പ് പാടില്ലെന്ന കോടതി നിർദേശം നടപ്പാക്കിയാൽ ഉത്സവങ്ങൾ നടക്കില്ല.
സംസ്ഥാന സർക്കാരിന് മാത്രമേ പ്രായോഗികമായി എന്തെങ്കിലും ചെയ്യാൻ കഴിയൂ എന്ന ബോധ്യമാണ് ദേവസ്വങ്ങൾക്കുള്ളത്. സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തും എന്നാണ് പ്രതീക്ഷ എന്നും ദേവസ്വങ്ങൾ പറഞ്ഞു.