ഭിന്നശേഷി വിദ്യാർഥിക്കു നേരെയുണ്ടായത് ക്രൂരമായ സംഭവം, നടപടി സ്വീകരിച്ചില്ലെങ്കിൽ ഇടപെടുമെന്ന് ഗവർണർ
Friday, December 6, 2024 5:00 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർഥിയ്ക്ക് നേരെയുണ്ടായ മർദ്ദനം ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണ്. കോളജ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമങ്ങളും നടപടികളും പാലിച്ചില്ലെങ്കിൽ തീർച്ചയായും താൻ ഇടപെടുമെന്നും വിഷയത്തിൽ അടിയന്തരമായി തന്നെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
ഭിന്നശേഷിക്കാരനായ വിദ്യാർഥിയെയും സുഹൃത്തിനെയും എസ്എഫ്ഐ പ്രവർത്തകരാണ് മർദിച്ചത്. കോളജിലെ യൂണിയൻ റൂമിൽ കൊണ്ടുപോയി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പൂവച്ചൽ സ്വദേശിയായ വിദ്യാർഥി മുഹമ്മദ് അനസിനെയും സുഹൃത്തിനെയുമാണ് യൂണിറ്റ് ഭാരവാഹികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. വിദ്യാർഥിയെ ഭീഷണിപ്പെടുത്തുന്നതിന്റെയും തല്ലാനായി വെല്ലുവിളിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
രണ്ട് കാലിലും വിരലുകളില്ലാത്ത ഒരു കാലിന് സ്വാധീനക്കുറവുള്ളയാളാണ് മൂന്നാം വർഷ വിദ്യാർഥിയായ അനസ്. തോരണം കെട്ടാനും കൊടി കെട്ടാനും തന്നോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാലിന് സുഖമില്ലാത്തതിനാൽ മരത്തിൽ കയറാൻ പറ്റില്ലെന്ന് അനസ് പറഞ്ഞു. അപ്പോൾ നിനക്ക് പ്രാദേശികമായി പ്രവർത്തിക്കാൻ അറിയാമല്ലോ എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞു.
കൊടിയ പീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും അനസ് പ്രതികരിച്ചിരുന്നു. തന്റെ വൈകല്യമുള്ള കാലിൽ ചവിട്ടി പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറിയാണ് മർദന വിവരം പുറത്തു പറഞ്ഞാൽ രണ്ട് കാലും വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയത്.
വിദ്യാർഥികൾക്ക് മുന്നിൽ വച്ച് വയ്യാത്ത കാലിന്റെ പേരിൽ പലതവണ കളിയാക്കുകയും ചെയ്തു. ഇതിന്റെ പേരിൽ കോളേജിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനസ് പറഞ്ഞിരുന്നു.