ഒമ്പത് വയസുകാരി കോമയിലായ സംഭവം; ഇടിച്ചിട്ട കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്
Friday, December 6, 2024 1:21 PM IST
കോഴിക്കോട്: വടകരയിൽ ഒന്‍പത് മാസങ്ങൾക്ക് മുന്‍പ് പെൺകുട്ടിയെ കാറിടിപ്പിച്ചശേഷം നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് കുട്ടിയെ ഇടിച്ചതെന്ന് പോലീസ് അറിയിച്ചു.
വടകര സ്വദേശി ഷജീലാണ് അപകടസമയത്ത് കാര്‍ ഓടിച്ചത്. ഇയാൾ നിലവില്‍ യുഎഇയില്‍ ആണെന്നും പോലീസ് അറിയിച്ചു.
വാഹനം ഇടിച്ച പാനൂര്‍ സ്വദേശി ദൃഷാന കോഴിക്കോട് മെഡിക്കൽ കോളജിൽ കോമ അവസ്ഥയിൽ തുടരുകയാണ്. കഴിഞ്ഞ ഫെബ്രുവരി 17നാണ് സംഭവം. കുടുംബസമേതം യാത്ര ചെയ്യുന്നതിനിടെ ചോറോട് റെയില്‍വേ ഗേറ്റിന് സമീപത്തുവച്ച് ദൃഷാനയെയും മുത്തശി ബേബിയേയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബേബി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദൃഷാന അബോധാവസ്ഥയിൽ തുടരുകയാണ്.
വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് കാർ കണ്ടെത്തിയത്. അപകടശേഷം കടന്നുകളഞ്ഞ ഷജീൽ മതിലില്‍ ഇടിച്ച് കാറിന് കേടുപാടുണ്ടായെന്ന് കാട്ടി ഇന്‍ഷുറന്‍സ് ക്ലെയിമിനും ശ്രമിച്ചു.
എന്നാൽ കാറിന്റെ കേടുപാട് മതിലില്‍ ഇടിച്ചുണ്ടായതല്ലെന്ന് പോലീസ് കണ്ടെത്തി. കാര്‍ രൂപമാറ്റം വരുത്തിയശേഷമാണ് മാര്‍ച്ചില്‍ ഷജീല്‍ വിദേശത്തേക്ക് കടന്നത്. ഇയാളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നും പോലീസ് അറിയിച്ചു.