റിപ്പോ നിരക്കിൽ മാറ്റമില്ല: പുതിയ പണനയം പ്രഖ്യാപിച്ച് ആർബിഐ
Friday, December 6, 2024 12:45 PM IST
ന്യൂഡൽഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരുമെന്ന് അറിയിച്ചു. സ്റ്റാൻഡിംഗ് ഡിപ്പോസിറ്റ് ഫെസിലിറ്റി നിരക്കിൽ മാറ്റമില്ലെന്നും 6.25 ആയി തുടരുമെന്നും ആർബിഐ അറിയിച്ചു.
രണ്ടാം പാദത്തിൽ ജിഡിപി വളർച്ച പ്രതീക്ഷിച്ചതിലും താഴെയാണ്. വിലക്കയറ്റം നിയന്ത്രിക്കുക പ്രധാന ലക്ഷ്യമെന്നും ലക്ഷ്യം വെല്ലുവിളികൾ നിറഞ്ഞതെന്നും ആർബിഐ ഗവർണർ പറഞ്ഞു.
2023 ഫെബ്രുവരിയിൽ ആർബിഐ നിശ്ചയിച്ച റിപ്പോ നിരക്കാണ് ഇപ്പോഴും തുടരുന്നത്. അന്ന് 6.25ശതമാനം ആയിരുന്ന നിരക്ക് പിന്നീട് 6.50 ശതമാനമായാണ് ആർബിഐ ഉയർത്തിയത്. നാല് വർഷത്തിന് ശേഷം യുഎസ് ഫെഡറൽ റിസർവ് തങ്ങളുടെ പലിശ നിരക്ക് 0.50 ശതമാനം കുറച്ചതോടെ ആർബിഐയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.