തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർ മരിച്ചു; 23 പേർ ചികിത്സയിൽ
Thursday, December 5, 2024 10:35 PM IST
ചെന്നൈ: തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് മൂന്നുപേർ മരിച്ചു. 23 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയ്ക്ക് സമീപം പല്ലാവരത്ത് വ്യാഴാഴ്ചയാണ് സംഭവം.
കുടിവെള്ളം മലിനമായതാണോയെന്ന് പരിശോധിക്കാൻ തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു. പൈപ്പ് വെള്ളം കുടിക്കരുതെന്ന് പ്രദേശത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
മലൈമേട്, മാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുതലമ്മൻ കോവിൽ സ്ട്രീറ്റ് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് വെള്ളം കുടിച്ചത്. ഇവരെ ക്രോംപേട്ട സർക്കാർ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.
മലിനജലം കലർന്ന കുടിവെള്ളമാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തമിഴ്നാട് മന്ത്രി ടി.എം.അൻബരശൻ ദുരിതബാധിത പ്രദേശം പരിശോധിച്ച് അടിയന്തര മെഡിക്കൽ ക്യാമ്പ് തുടങ്ങാൻ ഉത്തരവിട്ടു.