ശിശുക്ഷേമ സമിതിയിലെ എല്ലാ കുട്ടികൾക്കും വൈദ്യപരിശോധന നടത്തും
Thursday, December 5, 2024 8:04 PM IST
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ ചില ആയമാർ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഴുവൻ കുട്ടികളെയും വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. മെഡിക്കൽ പരിശോധനക്ക് പ്രത്യേക സംഘത്തെ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമിതി സെക്രട്ടറി ജില്ല മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി.
മാനസികാരോഗ്യ വിഭാഗം ഡോക്ടർമാരെയും കൗൺസിലർമാരെയും ടീമിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് കൗൺസിലിംഗ് ഉൾപ്പെടെ നൽകുമെന്നാണ് ശിശുക്ഷേമ സമിതി അധികൃതർ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നടത്താനും മോണിറ്ററിംഗ് സമിതിയെ കൊണ്ട് മിന്നൽ പരിശോധന നടത്താനുമാണ് തീരുമാനം.
കൂടുതൽ കുഞ്ഞുങ്ങൾക്ക് ആയമാരിൽ നിന്നും ഉപദ്രവം ഏറ്റിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച പുറത്തുവരികയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ശിശുക്ഷേമ സമിതി കൂടുതൽ നടപടികളിലേക്ക് കടന്നത്.
രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് മൂന്ന് ആയമാർ അറസ്റ്റിലായത്. കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു, ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്.