ദക്ഷിണകൊറിയയിൽ പ്രതിരോധമന്ത്രി രാജിവച്ചു; പ്രസിഡന്റിന് ഇംപീച്ച്മെന്റ് കുരുക്ക്
Thursday, December 5, 2024 6:16 AM IST
സീയൂൾ: ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. പ്രസിഡന്റ് യൂൺ സുക് യോൾ രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ രാജി.
പ്രതിരോധ മന്ത്രിയുടെ രാജി പ്രസിഡന്റ് സ്വീകരിച്ചു. സൗദി അറേബ്യയിലെ അംബാസഡർ ചോയ് ബ്യുംഗ്-ഹ്യുക്ക് പുതിയ പ്രതിരോധ മന്ത്രിയാകും.
അതേസമയം, പട്ടാളനിയമം പിൻവലിച്ചെങ്കിലും പ്രസിഡന്റ് യൂൺ സുക് യോളിനെതിരെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചു. വോട്ടെടുപ്പ് വെള്ളി, ശനി ദിവസങ്ങളിലുണ്ടാകും. പ്രതിപക്ഷത്തിനു പാർലമെന്റിൽ ഭൂരിപക്ഷമുണ്ട്. യൂണിന്റെ പീപ്പിൾ പവർ പാർട്ടിയുടെ നേതൃത്വവും അദ്ദേഹത്തിനെതിരേ തിരിഞ്ഞിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം പ്രസിഡന്റ് യൂൺ അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചത് നാടകീയ സംഭവങ്ങൾക്കിടയാക്കി. പാർലമെന്റ് പിടിച്ചെടുക്കാനെത്തിയ സൈനികരെ എംപിമാർ അഗ്നിശമന ഉപകരണങ്ങൾക്കൊണ്ടു നേരിട്ടു.