ഫിൻജാൽ അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമാകും; മരണം ഒമ്പതായി, സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം തുടരുന്നു
Sunday, December 1, 2024 7:26 PM IST
ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മരണം ഒമ്പതായി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമായാണ് ഒമ്പതു പേർ മരിച്ചത്.
അടുത്ത 12 മണിക്കൂറിൽ ഫിൻജാൽ ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 24 മണിക്കൂറിൽ 50 സെന്റീമീറ്ററിന് മുകളിൽ മഴയാണ് പെയ്തത്.
ഇനിയൊരു അറിയിപ്പുണ്ടാകും വരെ പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റിയിട്ടുണ്ട്. ജില്ലാ കളക്ടർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. പുതുച്ചേരിയിലെ സ്കൂളുകൾക്കും കോളജുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധയിടങ്ങളിലായി നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്. നിലവിൽ സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.
വൈദ്യുത വിതരണം അടക്കം പലയിടത്തും താറുമാറായി. വാഹനങ്ങൾ അടക്കം ഒഴുകിപ്പോകുന്ന സ്ഥിതിയാണ് പലയിടങ്ങളിലും ഉള്ളത്.