വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നു; സിപിഎം വിടുന്നെന്ന് മുൻ മംഗലപുരം ഏരിയ സെക്രട്ടറി
Sunday, December 1, 2024 5:53 PM IST
തിരുവനന്തപുരം: സിപിഎം വിടുകയാണെന്ന് മുൻ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി. സെക്രട്ടറി സ്ഥാനത്തുനിന്ന് മധുവിനെ നീക്കിയതിനു പിന്നാലെയാണ് പ്രതികരണം.
തനിക്കൊപ്പം പ്രവർത്തകരും പാർട്ടി വിടും. ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ല.
ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നു. ജില്ലാ സെക്രട്ടറിക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തോൽവിയിൽ സന്തോഷിച്ച ആളാണ് ജോയി എന്നും മധു വിമർശിച്ചു.
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മധു മുല്ലശേരിക്ക് പകരം എം. ജലീലിനെനിയമിച്ചിരുന്നു. സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു. മധുവിനെ സെക്രട്ടറിയാക്കുന്നത് ജില്ലാ നേതൃത്വവും എതിർത്തിരുന്നു.