സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം
Friday, November 29, 2024 11:47 AM IST
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ് നിർദേശം നൽകിയത്.
ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും ധന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ് വിജിലൻസ് ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ അന്വേഷണം.
ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന് കണ്ടെത്തിയിരുന്നു.