ഝാൻസിയിലെ ആശുപത്രിയിൽ തീപിടിത്തം; 10 കുട്ടികൾക്ക് ദാരുണാന്ത്യം
Saturday, November 16, 2024 2:04 AM IST
ലക്നോ: ഉത്തർപ്രദേശിലെ ഝാൻസിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 കുട്ടികൾ മരിച്ചു. ഝാൻസിയിലെ മഹാറാണി ലക്ഷ്മിഭായ് മെഡിക്കൽ കോളജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് (എൻഐസിയു) തീപിടിത്തമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം.
അഗ്നിശമനസേനാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ്, പുക നിറഞ്ഞ വാർഡിന്റെ ജനാലകൾ തകർത്താണ് ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും രക്ഷാപ്രവർത്തനം നടത്തിയത്. രാത്രി 10.35 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് വാർഡിലുണ്ടായിരുന്ന ജീവനക്കാർ പറഞ്ഞു
37 കുട്ടികളെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം കുട്ടികളെയും രക്ഷപ്പെടുത്തിയെങ്കിലും, അപകടത്തിൽ 10 കുട്ടികൾ മരിച്ചുവെന്ന് ജാൻസി ജില്ലാ മജിസ്ട്രേറ്റ് അവിനാഷ് കുമാർ പറഞ്ഞു.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രിയുമായ ബ്രജേഷ് പഥക്കും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയും സ്ഥിതിഗതികൾ വിലയിരുത്താൻ ഝാൻസിയിലേക്ക് തിരിച്ചിട്ടുണ്ട്.