വയനാട് ദുരന്തം; സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു
Friday, November 15, 2024 8:45 PM IST
കൊച്ചി: വയനാട് ദുരന്തത്തത്തിൽ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ കേസ് പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്നാണ് സൂചന .
വയനാട് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ.വി.തോമസിന് നല്കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞുവെന്നും എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു.
എന്നാല്‍ കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്നാണ് കെ വി തോമസിനുള്ള മറുപടി കത്തില്‍ നിന്ന് മനസിലാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് കേന്ദ്രം രേഖാമൂലം മറുപടി നല്‍കുകയായിരുന്നു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ മതിയായ മിച്ചമുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.