വിവാദത്തിന് പിന്നില്‍ ഗൂഢാലോചന; പാർട്ടി സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് ഇ.പി
Friday, November 15, 2024 2:34 PM IST
തിരുവനന്തപുരം: ആത്മകഥാ വിവാദം സംബന്ധിച്ച് തനിക്ക് പറയാനുള്ളത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിശദീകരിച്ച് ഇ.പി.ജയരാജന്. വിവാദത്തിന് പിന്നില്‍ കരുതിക്കൂട്ടിയുള്ള ഗൂഢാലോചനയാണെന്നും താന്‍ എഴുതിയതല്ല പുറത്തുവന്നതെന്നുമാണ് ഇ.പി. സെക്രട്ടറിയേറ്റിനെ അറിയിച്ചത്. വിഷയത്തില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാകും.
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം ആദ്യമായാണ് ഇ.പി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തുന്നത്. എന്നാൽ സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത് മടങ്ങിയ ഇ.പി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയാറായില്ല.
വിഷയത്തിൽ ഇപിക്കൊപ്പം നിൽക്കുന്നു എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് ദിവസം ഉണ്ടായ വിവാദം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. വിവാദം ചേലക്കരയില്‍ പ്രതിഫലിച്ചേക്കാമെന്ന വിലയിരുത്തലും പാര്‍ട്ടിക്കുള്ളിലുണ്ട്. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ഥി സരിനെതിരായ പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.