തൃശൂര്‍ പൂരം പാടത്ത് നടത്തേണ്ടി വരും; ഹൈക്കോടതി മാർഗരേഖയ്ക്കെതിരേ തിരുവമ്പാടി ദേവസ്വം
Friday, November 15, 2024 10:13 AM IST
തൃശൂര്‍: ആന എഴുന്നള്ളിപ്പ് സംബന്ധിച്ച ഹൈക്കോടതി മാർഗരേഖയ്ക്കെതിരേ തിരുവന്പാടി ദേവസ്വം. ഹൈക്കോടതി നിർദേശപ്രകാരം തൃശൂർ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പറഞ്ഞു.
ആനകള്‍ക്കടുത്തുനിന്ന് എട്ടു മീറ്റര്‍ ദൂരം എന്നത് പൂരത്തിന്റെ എല്ലാ ചടങ്ങുകളെയും തടസപ്പെടുത്തും. ആനയുടെ മുന്നില്‍ നിന്നാണോ പിന്നില്‍ നിന്നാണോ എട്ടു മീറ്റര്‍ അകലം പാലിക്കേണ്ടത് എന്നത് ഉത്തരവില്‍ വ്യക്തമല്ല. ആനകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണമെന്ന നിര്‍ദേശം മഠത്തില്‍ വരവും ഇലഞ്ഞിത്തറമേളവും തകര്‍ക്കുന്നതാണ്.
36 മണിക്കൂർ നീണ്ടു നിൽക്കുന്ന പൂരത്തിൽ ഒരു വിഭാഗത്തിന് തന്നെ 150 ആനകൾ വേണ്ടി വരും. ഉത്സവങ്ങളെ ഇല്ലാതാക്കാൻ ഇറങ്ങിയ എൻജിഒകളെ മാത്രം കേട്ട് തീരുമാനമെടുക്കരുതെന്നും കേസിൽ തിരുവമ്പാടി കക്ഷിചേരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ആന വര്‍ഷത്തില്‍ 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങള്‍ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂര്‍ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചിലവുപോലും കണ്ടെത്താന്‍ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.