അടവും തടയും പഠിക്കാന്‍ ബെവ്കോയിലെ വനിതകൾ
സീമ മോഹന്‍ലാല്‍
Wednesday, November 13, 2024 9:48 PM IST
കൊച്ചി: സംസ്ഥാന ബിവേറജേഴ്സ് കോര്‍പ്പറേഷ(ബെവ്കോ)ന്റെ ഔട്ട് ലെറ്റില്‍നിന്ന് മദ്യം വാങ്ങാന്‍ എത്തുന്നവര്‍ വനിത ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കില്‍ ഇനി മുതല്‍ വിവരം അറിയും. ബെവ്കോയിലെ 1600 ഓളം വരുന്ന വനിത ജീവനക്കാര്‍ കേരള പോലീസിലെ വനിത സ്വയം പ്രതിരോധ സേന ഉദ്യോഗസ്ഥരാണ് ഡ്രൈ ഡേയായ ഡിസംബര്‍ ഒന്നിന് പരിശീലനം നല്‍കുന്നത്. ഔട്ട്ലെറ്റുകളിലെ വനിതാ ജീവനക്കാര്‍ക്കുനേരേ അക്രമങ്ങള്‍ ഉണ്ടാകുന്നത് തടയുക എന്ന ലക്ഷമിട്ടാണ് പരിശീലനം. ഒരു ദിവസം നീണ്ടു നില്ക്കുന്ന പരിപാടിയിലൂടെ പ്രാഥമിക സ്വയം പ്രതിരോധ മാര്‍ഗങ്ങളാണ് പരിശീലിപ്പിക്കുക.
14 ജില്ലകളിലെയും ബിവറേജസ് ഷോപ്പുകള്‍, വെയര്‍ ഹൗസുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലെ വനിത ജീവനക്കാരികളാണ് ബെവ്കോയുടെ ജില്ല ആസ്ഥാനങ്ങളില്‍ നടക്കുന്ന സ്വയം പ്രതിരോധ പരിശീലന ക്ലാസുകളില്‍ പങ്കെടുക്കുന്നതെന്ന് ബെവ്കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഓരോ ജില്ലകളില്‍ നിന്നും 145 വനിത ജീവനക്കാരികള്‍ ക്ലാസില്‍ പങ്കെടുക്കും.
ബെവ്കോ ആസ്ഥാനത്തെ വനിതകള്‍ക്കായി ഡിസംബര്‍ 18 നാണ് സ്വയം പ്രതിരോധ പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിലെ ക്ലാസില്‍ പങ്കെടുക്കുന്നവര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ കോംപന്‍സേറ്ററി ഓഫ് എടുക്കാന്‍ അനുവദിച്ചിട്ടുണ്ടെന്ന് എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. ഗര്‍ഭിണികള്‍, ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വനിതാ ജീവനക്കാര്‍ എന്നിവര്‍ പരിശീലനം കണ്ട് മനസിലാക്കിയാല്‍ മതി.
അഡി. എസ്പിമാര്‍ക്കാണ് ഏകോപന ചുമതല. റേഞ്ച് ഡിഐജിയാണ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍. പരിശീലനം സൗജന്യമാണ്. ആയോധനകലകളില്‍ പ്രാവീണ്യമുള്ള നാല് വനിതാ പോലീസുകാരെ എല്ലാ ജില്ലകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പോലീസിന് കീഴില്‍ 2015 മുതലാണ് വനിത സ്വയം പ്രതിരോധ സേന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സ്വയം പ്രതിരോധ പരിശീലനം നല്‍കുന്നത്.