ബിനോയ് വിശ്വം അടക്കമുള്ളർ ജാവദേക്കറെ കണ്ടു; ഇപിക്കെതിരേ മാത്രം നടപടിയെന്തിന് സുരേന്ദ്രന്
Wednesday, November 13, 2024 11:23 AM IST
തൃശൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മിൽനിന്ന് ഏത് ഭീഷണി വന്നാലും ഇ.പി ഭയപ്പെടേണ്ടതില്ലെന്ന് സുരേന്ദ്രൻ പ്രതികരിച്ചു.
സിപിഎമ്മിന്റെ മുതിർന്ന നേതാവാണദ്ദേഹം. കേന്ദ്ര കമ്മിറ്റി അംഗമാണ്. അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണം. ഇപിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവദേക്കർ കണ്ടിട്ടുണ്ട്. എന്നിട്ടും എന്തിനാണ് ഇപിക്കെതിരെ മാത്രം നടപടിയെടുത്തത്.
പിണറായി വിജയന്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ. മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രി. സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണ്. അതിന്റെ തെളിവാണ് ഇപിയുടെ വെളിപ്പെടുത്തലുകൾ.
ഇപിയേയും തോമസ് ഐസക്കിനെയും എം.എ.ബേബിയേയും ഒക്കെ ഒഴിവാക്കിയാണ് സിപിഎം മുന്നോട്ട് പോകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.