ബഹിരാകാശത്തെ കഥപറഞ്ഞ ഓർബിറ്റൽ; ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേയ്ക്ക്
Wednesday, November 13, 2024 10:21 AM IST
ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്. "ഓര്‍ബിറ്റല്‍' എന്ന സയൻസ് ഫിക്ഷൻ നോവലാണ് ബുക്കര്‍ പ്രൈസിന് അര്‍ഹത നേടിയത്. ലണ്ടനിലെ ഓള്‍ഡ് ബില്ലിംഗ്സ്ഗേറ്റില് വച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് (53,79,510 രൂപ) സമ്മാനത്തുക.
24 മണിക്കൂര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിനുള്ളില്‍ കഴിയുന്ന ആറ് യാത്രക്കാരുടെ വിചാരങ്ങളാണ് നോവലിലെ പ്രതിപാദ്യം. യുഎസ്, ഇറ്റലി, റഷ്യ, ബ്രിട്ടൻ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രികർ ഒറ്റദിവസത്തിൽ 16 സൂര്യോദയങ്ങൾക്കും അസ്തമയത്തിനും സാക്ഷിയാകുകയും ഭൂഗോളത്തിന്റെ സൗന്ദര്യത്തിൽ ഭ്രമിക്കുകയും ചെയ്യുന്ന കഥാപരിസരത്തിലൂടെ നോവൽ പുരോഗമിക്കുന്നു.
ഭൂമിയെ സ്നേഹിക്കുന്നവര്‍ക്കും ഭൂമിക്കായി നിലകൊള്ളുന്നവര്‍ക്കും മനുഷ്യാന്തസ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കും സമാധാനകാംക്ഷികള്ക്കുമായി താന്‍ ഈ നേട്ടം സമര്‍പ്പിക്കുന്നുവെന്ന് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സാമന്ത പറഞ്ഞു. മുറിവേറ്റ ലോകത്തെ കുറിച്ചുള്ള പുസ്തകം എന്നാല്‍ ഓര്‍ബിറ്റല്‍ എന്ന പുസ്തകത്തെ കുറിച്ച് ജൂറി അംഗം പറഞ്ഞത്.
ലണ്ടനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച പുസ്തകമാണ് ഓര്‍ബിറ്റല്‍. കോവിഡ് ലോക്ഡൗൺ കാലത്ത് എഴുതാനാരംഭിച്ച നോവൽ 2023 നവംബറിലാണ് പ്രസിദ്ധീകരിച്ചത്.
ബുക്കര്‍ സമ്മാനം കരസ്ഥമാക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ പുസ്തകമാണ് 136 പേജുകളുള്ള ഓർബിറ്റൽ. 1979ല്‍ ബുക്കര്‍ പ്രൈസ് നേടിയ പെനെലോപ് ഫിറ്റ്സ്ഗെറാല്ഡിന്റെ ഓഫ്ഷോര്‍ എന്ന പുസ്തകമാണ് പുരസ്കാരം നേടിയ ഏറ്റവും ചെറിയ പുസ്തകം. 132 പേജായിരുന്നു ഓഫ്ഷോറിനുണ്ടായത്.
ഭാവനാത്മക സാഹിത്യത്തിനുള്ള ഹോത്തോൺഡെൻ പുരസ്കാരം നേടിയ കൃതിയാണ് ഓർബിറ്റൽ. കൂടാതെ പൊളിറ്റിക്കൽ ഫിക്ഷനുള്ള ഓർവെൽ പുരസ്കാരത്തിനും ഫിക്ഷനുള്ള ഉർസുല കെ. ലെ ഗ്വിൻ പുരസ്കാരത്തിനുമുള്ള ചുരുക്കപ്പട്ടികകളിൽ ഓർബിറ്റൽ ഇടംപിടിച്ചിരുന്നു.